അത്തം...




"മാവേലി നാടു വാണീടും കാലം,
മാനുഷ്യരെല്ലാരുമൊന്നു പോലെ.
ആമോദത്തോടെ വസിക്കും കാലം,
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും.
കള്ളവുമില്ലാ ചതിയുമില്ല,
എള്ളോളമില്ലാ പൊളിവചനം.
കള്ളപറയും ചെറുനാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല "

പണ്ടെങ്ങോ നാടു ഭരിച്ചിരുന്ന മാവേലിയെന്നൊരു നീതിമാനും പ്രജാവല്‍സലനും ആയ രാജാവ് അദ്ദേഹത്തിന്റെ പ്രജകള്‍ എന്നും സന്തോഷത്തോടെ ജീവിക്കുന്നത് കാണാന്‍ ആഗ്രഹിച്ച് വരുന്നു. എല്ലാ കഷ്ടപ്പാടിനിടയിലും ആ ജനത അദ്ദേഹത്തിന്റെ സന്തോഷത്തിനായി ഒരുങ്ങിയിരിക്കുന്നു. എത്ര മനോഹരമായ സങ്കല്പ്പം.

ഓണം എന്നത് കുറെ കഥകള്‍ക്കുമപ്പുറം ഒരു ജനതയുടെ ആഹ്ലാദത്തിന്റെ ദിവസങ്ങളാണ്. അല്ലെങ്കില്‍ ഒരു ജനത ആഹ്ലാദിക്കാന്‍ ആയി ഏറ്റവും ആഗ്രഹിക്കുന്ന കുറച്ച് ദിവസങ്ങള്‍.

ബാല്യത്തിന്റെ കുറെ നല്ല ഓര്‍മകള്‍ ഇന്നും ഓണത്തിനോട് ചേര്‍ത്ത് വക്കുന്നവ തന്നെ ആണ്. ഓണപരീക്ഷയുടെ ചൂടും അതുകഴിഞ്ഞാലുടന്‍ പുസ്തകങ്ങളെ പാടേ മറന്ന ആ ആഘോഷത്തിമര്‍പ്പ്.മണ്ണ് കുഴച്ച് മുറ്റത്തുണ്ടാക്കുന്ന ആ ഓണത്തറ. പൂക്കളുടെയോ നക്ഷത്രത്തിന്റെയോ രൂപത്തില്‍. രണ്ടോ അതിലതികമോ നിലയുള്ളവ. ഉച്ച മുതല്‍ പാടവും തൊടികളും കയറിയിറങ്ങിയുള്ള . കിട്ടുന്ന പൂക്കള്‍ പങ്കുവക്കുന്ന ആ സന്തോഷം. തുമ്പയും മുക്കൂറ്റിയും അരിപ്പൂവും ചെത്തിയും ചെമ്പരത്തിയും കാശിതുമ്പയും നന്ത്യാര്‍‌വട്ടവും മത്തപൂവും വീണ്ടപ്പൂവും പിന്നെ പിന്നെ പേരരിയാത്ത പല പല പൂക്കളൂം നിറമുള്ള ഇലകളും. ഇലക്കീറുകളിയും താളിന്റെ ഇലകളിലും പൊതിഞ്ഞ് വാടാതെ, നനയാതെ കാത്ത്. ആരും വിളിക്കാതെ തന്നെ ഉണര്‍ന്ന് പഴയ പൂ മാറ്റി ചാണകം കൊണ്ട് മെഴുകി പൂക്കളം ഒരുക്കല്‍. ഇടക്ക് കൂട്ടുകാരുടെ വീട്ടിലെക്കൊരെത്തി നോട്ടം. ആരുടെ പൂക്കളമാണ് വലുത്. ആരുടേതാണേറ്റവും ഭംഗി. അതനുസരിച്ച് പിന്നെയും ഒരു മാറ്റം വരുത്തല്‍. :) :) വെയില്‍ മൂക്കുവോളം അതിനെ ചുറ്റിപറ്റി നില്‍ക്കുക. ഭംഗി ആസ്വദിക്കല്‍, അസൂയപ്പെടല്‍. പിന്നെയും ഉച്ചക്ക് പൂ പറിക്കാനുള്ള യാത്ര. അത്രക്കും സന്തോഷത്തോടെ വെറേ എന്തെങ്കിലും ഉണ്ടായിരുന്നോ ജീവിതത്തില്‍...

അത്തത്തിനു തുളസി മാത്രം, ചിത്തിരക്കു വെള്ളപ്പൂക്കള്‍, അനിഴത്തിന് കുട വക്കല്‍, ത്യക്കേട്ടക്ക് വാലുള്ള പൂക്കളം, മൂലത്തിന് മൂന്നിടത്ത്, പൂരാടത്തിന് പടിപ്പുറത്തും പൂക്കളം.തുമ്പക്കുടം (ചെടി) പറിച്ച്‌വക്കല്‍. ഉത്രാടസന്ധ്യക്കു പൂമാറ്റല്‍. തിരുവോണത്തിനു ഓണത്തപ്പനു വക്കല്‍. തുമ്പപ്പൂവട. അരിമാവു കൊണ്ട് പടിയില്‍ കളം വരക്കല്‍. ഓണം കൂവല്‍.ഏറ്റവും ആദ്യം കൂവുന്നതാരുടെ വീട്ടില്‍ എന്നതഭിമാനപ്രശ്നം. :) :)

അയല്‌വക്കത്ത് പോയി പടിപ്പുറത്തെ പൂവട തിന്നുക. വെറും വയറ്റില്‍ അടയും ഉപ്പേരിയും തിന്നു മത്ത് പിടിക്കുക. ഉച്ചത്തെ സദ്യ.

****************************************************

എന്നും ഓണത്തിനത്ര തന്നെ മധുരം ഉണ്ട്. അതിന്റെ ഐതിഹ്യങ്ങളെ മറന്നേക്കാം. ഉള്ള സമയം കൊണ്ട്, ഉള്ള പൂക്കളും ഇലകളും ചേര്‍ത്ത് കുഞ്ഞുപൂക്കളങ്ങള്‍.

ഇന്ന് പൂക്കളുടെ ഉല്‍സവത്തിന്റെ ഒന്നാം നാള്‍ !!!

അത്തം ...

എല്ലാവര്‍ക്കും ഓണാശംസകള്‍ !!!



Comments

പ്രിയ said…
ഇന്ന് പൂക്കളുടെ ഉല്‍സവത്തിന്റെ ഒന്നാം നാള്‍ !!!

അത്തം ...

എല്ലാവര്‍ക്കും ഓണാശംസകള്‍ !!!
Rare Rose said…
ഓണത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്കു പോലുമെത്ര രസമാണു..ഓണാശംസകള്‍.
പ്രിയ said…
നന്ദി അനില്‍ഭായ് :) ഓണാശംസകള്‍
നന്ദി റെയര്‍റോസ് :) ഓണാശംസകള്‍

Popular posts from this blog